പരേതനായ ചാത്തംകുളങ്ങര കുഞ്ഞുണ്ണി എഴുത്തച്ഛന്റെ കുടുംബത്തിലേക്കാണ് ഈ അദ്ധ്യായം വെളിച്ചം വീശുന്നത്.“ദൈവത്തിന്റെ സ്വന്തം നാടായ” കേരളത്തിലെ പാലക്കാട് ജില്ലയിലെ പഴമ്പാലക്കോട് പഞ്ചായത്തിലെ ഒരു ചെറു ഗ്രാമമായ ചൂലന്നൂരാണ് ചാത്തംകുളങ്ങര കുടുംബത്തിന്റെ് വേരുകൾ എന്ന് വിശ്വസിക്കപ്പെടുന്നു. മയിൽ വളർത്തു സങ്കേതത്തിന് പ്രസിദ്ധമായ ചൂലന്നൂര്, ചെറിയ കുന്നുകളാലും ഭാഗികമായി കാടുകളാലും പ്രകൃതിരമണീയമായ നെൽവയലുകളാലും ആവരണം ചെയ്യപ്പെട്ടിരിക്കുന്നു.

ചാത്തംകുളങ്ങര കുടുംബത്തിന്റെ വംശപരമ്പര ഇന്ന് കേരളത്തില്‍ പലയിടങ്ങളിയായി വ്യാപിച്ചു കിടക്കുന്നു - പ്രധാനമായും പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍. കുടുംബത്തിലെ ആദ്യകാല തലമുറകൾക്കു പഴമ്പാലക്കോടിലും അതിനു ചുറ്റുമുള്ള മറ്റു ഗ്രാമപ്രദേശങ്ങളിലുമായി പൂർവ്വീകരിൽ നിന്നും ഭൂമി കൈമാറ്റം കിട്ടിയിരുന്നു എന്നും, അതില്‍ അവര്‍ കൃഷി നടത്തിപ്പോന്നിരുന്നു എന്നും കരുതപ്പെടുന്നു. കുടുംബസ്വത്തുക്കള്‍ ഭാഗം വെച്ചതിന്റെ ഫലമായി അവർ കൈക്കൊണ്ട സ്വത്തുവകകള്‍ പരിപാലിക്കുന്നതിനും കൃഷിയിടങ്ങള്‍ സംരക്ഷിക്കുന്നതിനും മേല്നോട്ടത്തിനുമായി ചാത്തംകുളങ്ങര കുടുംബാംഗങ്ങൾ പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ വിവിധ ഭാഗങ്ങളിലായി താമസമുറപ്പിച്ചു.

തല്‍ഫലമായി, ചൂലന്നൂരില്‍ ഉണ്ടായിരുന്ന ചാത്തംകുളങ്ങര കുടുംബത്തിലെ രണ്ടു സഹോദരന്മാര്‍ - ചാമി എഴുത്തച്ഛന്‍, താച്ചു എഴുത്തച്ഛന്‍ എന്നിവര്‍, തങ്ങള്ക്കു ഭാഗമായി ലഭിച്ച വസ്തുവകകളായ കിഴക്കേ കളവും,നീലിച്ചിറ കളവും പരിപാലിക്കുവാനായി തൃശൂര്‍-പാലക്കാട് അതിർത്തിയിൽ വരുന്ന കല്ലേപ്പാടം എന്ന ഗ്രാമത്തിലേക്ക് കുടിയേറി.

ചാമി എഴുത്തച്ഛന്‍ കല്ലേപ്പാടത്തുള്ള കിഴക്കേ കളത്തിന്റെ ചുമതലയേറ്റ അതേസമയം, തന്റെ‍ സഹോദരൻ താച്ചു എഴുത്തച്ഛന്‍ തൊട്ടടുത്തുള്ള നീലിച്ചിറ ഗ്രാമത്തിലെ നീലിച്ചിറ കളവും പരിചരിച്ചു പോന്നു. ചാമി എഴുത്തച്ഛനു മൂന്ന് മക്കളാണ് – രണ്ടു പെണ്കുട്ടികളും ഒരാണ്‍കുട്ടിയും. ഇതിലെ ആണ്‍മകനായ രാമന്‍ എഴുത്തച്ഛനു രണ്ട് ആണ്‍കുട്ടികളായിരുന്നു. ചാമി എഴുത്തച്ഛനും, ശങ്കരന്‍ എഴുത്തച്ഛനും.ഈ രണ്ടു സഹോദരന്മാർ തമ്മിലുള്ള ഭൂമി-സ്വത്തുക്കളുടെ വിഭജന ശേഷം, ചാമി എഴുത്തച്ഛന്‍ കിഴക്കേ കളത്തില്‍ തന്നെ താമസിച്ചു പോന്നു. അതേസമയം, തൊട്ടടുത്തായി ശങ്കരന്‍ എഴുത്തച്ഛന്‍ പടിഞ്ഞാറേക്കളവും സ്ഥാപിച്ചു. ശങ്കരന്‍ എഴുത്തച്ഛന്റെ മകനായ സി.എസ്. സുകുമാരന്‍ ദീർഘകാലം പഴയന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ്‌ ആയി വർത്തിച്ചിരുന്നു.

അതേസമയം, നീലിച്ചിറയിലുള്ള താച്ചു എഴുത്തച്ഛന് പതിമൂന്നു മക്കള്‍ ഉണ്ടായിരുന്നു. അതിലൊരു മകനായിരുന്നു കൃഷ്ണന്‍ എഴുത്തച്ഛന്‍. അദ്ദേഹം ചേലക്കര തോന്നൂർക്കര കിഴക്കേതില്‍ പാർവ്വതിയമ്മയെയാണ് വിവാഹം ചെയ്തിരുന്നത്. ഈ ദമ്പതിമാർക്കു ആറു മക്കളായിരുന്നു – ഒരു പെണ്ണും, അഞ്ചു ആണും. ഇതില്‍ അഞ്ചാമത്തെ മകനായിരുന്നു പരേതനായ കുഞ്ഞുണ്ണി എഴുത്തച്ഛന്‍. ദിവംഗതനായ കുഞ്ഞുണ്ണി എഴുത്തച്ഛനും, അദ്ദേഹത്തിന്റെ പ്രിയപപത്നി, പരേതയായ തളിയാരില്‍ നാരായണിയമ്മക്കുമുള്ള സമർപ്പണമാണ് ഈ വെബ്സൈറ്റ്. ഇവര്‍ താമസിച്ചിരുന്ന ചാത്തംകുളങ്ങര നീലിച്ചിറ കളം ഇന്ന് നീലിച്ചിറ ചാത്തംകുളങ്ങര തറവാടായി അറിയപ്പെടുന്നു. വർഷങ്ങളോളം പല വെല്ലുവിളികളെയും അതീവ ധീരതയോടെയും അർപ്പണബോധത്തോടെയും തരണം ചെയ്തുകൊണ്ടായിരുന്നു ഈ കുടുംബത്തിന്റെ ശ്രദ്ധേയമായ വളർച്ച. ചാത്തംകുളങ്ങര കുടുംബാംഗങ്ങള്‍ ഇന്ന് ഇന്ത്യയിലും ലോകത്തിന്റെ നാനായിടത്തുമായി വസിച്ചു വരുന്നു.

മേല്പ്പറഞ്ഞ ചാത്തംകുളങ്ങര നീലിച്ചിറ തറവാട് സ്ഥിതി ചെയ്യുന്നത് തൃശൂര്‍ ജില്ലയിലെ പഴയന്നൂര്‍ പഞ്ചായത്തില്‍ ആണ്. തൃശ്ശൂരില്‍ നിന്നും 45 കിലോമീറ്ററും, പാലക്കാട് നിന്നും 40 കിലോമീറ്ററും അകലെ സ്ഥിതി ചെയ്യുന്ന നീലിച്ചിറ, ഏകദേശം അമ്പതോളം കുടുംബങ്ങള്‍ താമസിച്ചു പോരുന്ന ശാന്തസുന്ദരമായ ചെറിയൊരു ഗ്രാമമാണ്. പ്രകൃതി ഭംഗിയാല്‍ അനുഗ്രഹീതമായ ഈ ഗ്രാമം, ഹരിത നെൽപ്പാടങ്ങളാലും ചെറു കുന്നുകളാലും ചുറ്റപ്പെട്ടിരിക്കുന്നു. ഈ ഗ്രാമത്തിലെ വൈകുന്നേരങ്ങളിലെ സൂര്യാസ്തമയവും വെള്ളപറവകളുടെ കൂടേറ്റവും ദൈവത്തിന്റെ കരവിരുതിനെ അനുസ്മരിപ്പിക്കുന്നതാണ്. പ്രധാന കൃഷിയായ നെല്ലിനും റബ്ബറിനും പുറമേ, നാളികേരം, പച്ചക്കറി എന്നിവയും ഇവിടെത്തെ കൃഷിയിനങ്ങളാണ്.

കുഞ്ഞുണ്ണി എഴുത്തച്ഛന്‍ 1987ലും, നാരായണിയമ്മ 2005ലും ഇഹലോകവാസം വെടിഞ്ഞു. ഇരുവരുടെയും ആഗ്രഹപ്പ്രകാരം തറവാട്ടു വളപ്പില്‍ തന്നെയാണ് അവരുടെ സംസ്ക്കാരാദി ചടങ്ങുകള്‍ നടത്തിയത്. കുഞ്ഞുണ്ണി എഴുത്തച്ഛന്റെ മൂത്ത സഹോദരൻ, രാമൻകുട്ടി എഴുത്തച്ഛനും കുടുംബവും നീലിച്ചിറ തറവാട്ടിലും, കുഞ്ഞുണ്ണി എഴുത്തച്ഛനും കുടുംബവും പഴയന്നൂര്‍ ടൌണിലുമാണ് ആദ്യം താമസിച്ചിരുന്നത്. ആ സമയത്ത് കുഞ്ഞുണ്ണി എഴുത്തച്ഛന്‍ പഴയന്നൂര്‍ ടൌണില്‍ സ്വന്തമായി ഒരു തുണിക്കടയും നടത്തി പോന്നിരുന്നു. 1965ല്‍ കുടുംബവസ്തു ഭാഗം വെക്കലിനെ തുടർന്ന് , കുഞ്ഞുണ്ണി എഴുത്തച്ഛനും കുടുംബവും നീലിച്ചിറയിലേക്കും, രാമന്കുട്ടി എഴുത്തച്ഛന്‍ പഴയന്നൂര്‍ ടൌണിലേക്കും താമസം മാറ്റി. അതേസമയം, ഏറെക്കാലം മുംബൈയില്‍ താമസമായിരുന്ന ഇവരുടെ ഏറ്റവും ഇളയ സഹോദരന്‍ ചാമി എഴുത്തശ്ശന്‍, പിന്നീട് കൊച്ചിയില്‍ സ്ഥിരതാമസമാക്കി. കുഞ്ഞുണ്ണി എഴുത്തച്ഛന്റെ മറ്റു സഹോദരങ്ങളായ അയ്യപ്പനും രാഘവനും താരതമ്യേനെ ചെറുപ്രായത്തില്‍ തന്നെ നിര്യാതരായിരുന്നു.

ചാത്തംകുളങ്ങര കുടുംബത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

പാലക്കാട്‌ ജില്ലയിലെ ഷൊർണ്ണൂരിനടുത്തുള്ള കവളപ്പാറയിലെ തളിയാരില്‍ നാരായണന്‍ എഴുത്തച്ഛന്റെയും പത്മാവതിയമ്മയുടെയും മകളായ നാരായണിയമ്മയെയാണ് കുഞ്ഞുണ്ണിഎഴുത്തച്ഛന്‍ വിവാഹം ചെയ്തിരുന്നത്. നാരായണിയമ്മ ജനിച്ചതും വളർന്നതും ബർമ്മയിലായിരുന്നു (ഇന്നത്തെ മ്യാന്മാര്‍). നാരായണന്‍ എഴുത്തച്ഛന്‍ ബര്‍മ്മയില്‍ റെയില്‍വെയില്‍ ആയിരുന്നു സേവനമനുഷ്ടിച്ചിരുന്നത്. നാരായണിയമ്മയെ കൂടതെ, തളിയാരില്‍ ദമ്പതികള്‍ക്ക് ഏഴ് മക്കളുണ്ടായിരുന്നു - 3 പെണ്ണും 4 ആണും

കുഞ്ഞുണ്ണി എഴുത്തശ്ശനും നാരായണിയമ്മക്കും പത്തു മക്കളാണ് – 5 ആണ്മക്കളും 5 പെണ്മക്കളും. ജനനക്രമമനുസരിച്ചു അവരുടെ പേരുകള്‍ താഴെ കൊടുത്തിരിക്കുന്നു.

1. ലീല 2. ബാലകൃഷ്ണന്‍ 3. പത്മാവതി 4. നാരായണന്‍ കുട്ടി 5. സൗദാമിനി 6. ഗോപാലകൃഷ്ണന്‍ 7. ഉണ്ണികൃഷ്ണന്‍ 8. തങ്കമ്മ 9. രാജി 10. രാധാകൃഷ്ണന്‍.

മാന്യതയുടെയും മനുഷ്യസ്നേഹത്തിന്റെ‍യും ആൾരൂപങ്ങൾ ആയിരുന്ന കുഞ്ഞുണ്ണി എഴുത്തശ്ശനും നാരായണിയമ്മയും കുടുംബാംഗങ്ങൾക്കും മാത്രമല്ല കല്ലേപ്പാടത്തെയും പഴയന്നൂരിലെയും പരിസരവാസികൾക്കും ഒരുപോലെ പ്രിയപ്പെട്ടവരായിരുന്നു ഇവര്‍.

കാർഷിക പാരമ്പര്യമുള്ള കുടുംബത്തിലാണ് ജനിച്ചതെങ്കിലും, വ്യവസായിക രംഗത്തായിരുന്നു കുഞ്ഞുണ്ണി എഴുത്തച്ഛന്‍ ശോഭിച്ചത്. തന്റെ മക്കളുടെ വിദ്യാഭ്യാസത്തില്‍ അതീവ ശ്രദ്ധാലുവായിരുന്ന കുഞ്ഞുണ്ണി എഴുത്തച്ഛന്‍, തന്റെ മക്കള്‍ കുറഞ്ഞത് പത്താം ക്ലാസ്(SSLC) എങ്കിലും പൂർത്തീകരിക്കണം എന്ന് നിർബന്ധമായിരുന്നു. 1950-60 കാലഘട്ടത്തില്‍ SSLC ഒരു ഉയർന്ന വിദ്യാഭ്യാസ യോഗ്യതയായി കരുതപ്പെട്ടിരുന്നു എന്ന വസ്തുതയും പരിഗണിക്കണം. ഈ അടിത്തറയാണ് അദ്ദേഹത്തിന്റെ മക്കളുടെ ജീവിതതത്തിന്റെ ഉയർച്ചക്കുള്ള ഒരുപ്രധാന ചവിട്ടുപടി ആയത് എന്നതില്‍ സംശയമില്ല. കുഞ്ഞുണ്ണി എഴുത്തച്ഛന്‍ ഒരു ദൈവസ്നേഹിയും അതിലുപരി ഒരു തികഞ്ഞ മനുഷ്യസ്നേഹിയും കൂടിയായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍, അദ്ദേഹം ഒരു ദയാലുവും സഹജീവികളോട് സഹാനുഭൂതിയുമുള്ള ഒരു ജീവകാരുണ്യ പ്രവർത്തകനുമായിരുന്നു.

പഴയന്നൂര്‍ പ്രദേശത്തെ ആദ്യത്തെ ന്യൂസ് പേപ്പര്‍ ഏജന്‍റ് ആയിരുന്നതു കൊണ്ടു കൂടിയാവാം, ഒരുപക്ഷെ അദ്ദേഹത്തെയും കുടുംബത്തെയും നാട്ടുകാരുമായി കൂടുതല്‍ അടുക്കാന്‍ സഹായിച്ചത്. മുന്പ് പറഞ്ഞതു പോലെ, പഴയന്നൂര്‍ ടൌണില്‍ സ്വന്തമായി വസ്ത്ര വ്യാപാരം നടത്തിയിരുന്ന കുഞ്ഞുണ്ണി എഴുത്തച്ഛന്‍, അവിടത്തെ പ്രശസ്തനായ ഒരു തയ്യല്ക്കാരന്‍ കൂടി ആയിരുന്നു. ഇത്തരം തിരക്കുകൾക്കിടയിലും സാമൂഹ്യ കാരുണ്യ പ്രവർത്തനങ്ങളിലും അദ്ദേഹം വളരെയധികം തീക്ഷണത പുലർത്തിയിരുന്നു. കീഴ്ജാതിക്കാര്‍ അമ്പലത്തില്‍ പ്രവേശിക്കുന്നത് നിഷിദ്ധമായിരുന്ന ആ കാലഘട്ടത്തില്‍, പഴയന്നൂര്‍ അമ്പലത്തില്‍ നടന്ന അമ്പല പ്രവേശന സമരത്തില്‍ അദ്ദേഹത്തിന്റെ സജീവ പങ്കാളിത്തം അതുല്യമായിരുന്നു. ജ്യാതി വ്യവസ്ഥിതികളാല്‍ തഴയപ്പെട്ട ഒരു പറ്റം ജനങ്ങൾക്കു വേണ്ടിയുള്ള പുരോഗമന പ്രവർത്തനമായിരുന്നു അത്.

അദ്ദേഹത്തിന്റെ സഹധർമ്മിണി നാരായണിയമ്മയും ജീവകാരുണ്യ പ്രവർത്തനങ്ങളില്‍ ഒട്ടും പിന്നില്‍ ആയിരുന്നില്ല. സാധിക്കുമ്പോഴൊക്കെ തന്നാല്‍ ആവും വിധം അവര്‍ പലരെയും സാമ്പത്തികമായും ധാർമ്മികമായും സഹായിച്ചിരുന്നു. നിസ്വാർത്ഥ സേവനത്തിന്റെയും ഉദാത്ത സ്നേഹത്തിന്റെയും സംഗമമായിരുന്നു നാരായണിയമ്മ. തന്റെ ലളിതവും സ്നേഹപൂർവ്വവുമായ പെരുമാറ്റം കൊണ്ട്, ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്താന്‍ നാരായണിയമ്മക്ക് കഴിഞ്ഞിട്ടുണ്ട്. പച്ചമരുന്നുകളിലുള്ള അവരുടെ അറിവ് അത്ഭുതകരമായിരുന്നു. ഇവ വളരെ ലളിതവും ഗ്രാമീണ്യവും ആയിരുന്നു. പച്ചിലകള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ കൂടാതെ ആട്, കോഴികുഞ്ഞ് എന്നിവയുടെ മാംസം - ഇവയൊക്കെ അവർക്ക് രോഗശാന്തിക്കുള്ള ചേരുവകള്‍ ആയിരുന്നു. മക്കൾക്കും പേരക്കുട്ടികൾക്കും ഇവരുടെ കൈപ്പുണ്യം ഇപ്പോഴും നാവിലൂറുന്ന മറക്കാനാവാത്ത ഒരു ഓർമ്മയാണ്. നാരായണിയമ്മ ഉണ്ടാക്കിയിരുന്ന കഷായങ്ങള്‍ രുചികരമല്ലെങ്കിലും മക്കളുടെയും പേരക്കുട്ടികളുടെയും ആരോഗ്യം കാത്തു സൂക്ഷിക്കുന്നതില്‍ അവയ്ക്ക് പ്രധാന പങ്ക് ഉണ്ടായിരുന്നു. അവരുടെ പാചക നൈപുണ്ണ്യം അവർണ്ണനീയമാണ്‌. നിമിഷങ്ങള്ക്കുള്ളില്‍ സ്വാദിഷ്ടമായ വിഭവങ്ങള്‍ പാചകം ചെയ്യാനുള്ള വൈദഗ്ധ്യം അവര്‍ക്കുണ്ടായിരുന്നു. ജീവിതത്തോടുള്ള അവരുടെ അഭിനിവേശവും ഉത്സാഹവും മറ്റുള്ളവർക്കു ഒരു പാഠമാണ്.

നാരായണിയമ്മയും കാരുണ്യവും വേർപ്പെടുത്താനാവാത്ത ഇരട്ടക്കുട്ടികളെ പോലെയായിരുന്നു. ആ അമ്മയുടെ നിരന്തരമായ പിന്തുണയും പ്രചോദനവും മക്കൾക്ക് ബുദ്ധിമുട്ടേറിയ പല ഘട്ടങ്ങളും തരണം ചെയ്യാന്‍ സഹായകമായി. കർമ്മങ്ങളുടെ പ്രതിഫലനം തന്നിൽത്തന്നെ തിരികെയെത്തുന്നു... നന്മ ദൈവീകമാണ്‌... സംഭവിക്കുന്നതെല്ലാം നല്ലതിന്...നമുക്കുള്ളത് നമ്മളെ തേടിയെത്തും... മക്കൾക്കും, പേരക്കുട്ടികൾക്കുമൊക്കെ പ്രചോദനം നല്കികയിരുന്ന നാരായണിയമ്മയുടെ പല ഉപദേശങ്ങളില്‍ ചിലതാണിവ.

ചാത്തംകുളങ്ങരയിലെ ആദ്യകാല തലമുറകള്‍ ഉപജീവനത്തിനായി കൃഷിയെയാണ് ആശ്രയിച്ചിരുന്നത്. എന്നാല്‍ കുഞ്ഞുണ്ണി എഴുത്തച്ഛന്റെ മൂത്ത രണ്ട് ആണ്മക്കളായ ബാലകൃഷ്ണനും നാരായണന്‍ കുട്ടിയും തങ്ങളുടെ അച്ഛന്റെ പ്രേരണയാല്‍ ഇതിനു ഒരു മാറ്റം കൊണ്ടുവന്നു. ചാത്തംകുളങ്ങര കുടുംബാംഗങ്ങളുടെ ജീവിതയാത്രയിലും, ഉയർച്ചയിലും സുപ്രധാന പങ്ക് വഹിച്ച ഉണ്ണികൃഷ്ണന്റെ ശാന്തതയും ക്ഷമാശീലവും ഇവിടെ എടുത്തു പറയേണ്ടതാണ്. ചാത്തംകുളങ്ങര കുടുംബത്തിന്റെ ഉന്നമനത്തിനായി അഞ്ചു ആണ്മക്കളും അശ്രാന്തം പരിശ്രമിച്ചു. കുടുംബത്തില്‍ ഉണ്ടായ പല പ്രതിബന്ധങ്ങളെയും തരണം ചെയ്തത് ഇവരുടെ നിശ്ചയദാർഢ്യം ഒന്നുകൊണ്ട് മാത്രമാണ്.പല പ്രതികൂല സാഹചര്യങ്ങളെയും അവര്‍ സധൈര്യം നേരിട്ടു. ചാത്തംകുളങ്ങര കുടുംബത്തിന്റെ ഉന്നമനത്തിനും, സ്വപ്ന സാക്ഷാല്‍ക്കാരത്തിനുമായി പ്രയത്നിച്ച ഈ അഞ്ചു സഹോദരന്മാരുടെ പ്രതിബദ്ധതയും കഠിനാധ്വാനവും എടുത്തു പറയേണ്ടതാണ്. കുടുംബമൂല്യങ്ങളെ വിശദീകരിക്കാന്‍ ഇവരുടെ സംഭാവനകളിലൂടെ കഴിയും. കുടുംബത്തിലെ ഇന്നത്തെയും, വരും തലമുറകളും എപ്പോഴും ഈ അഞ്ചുസഹോദരന്മാരുടെ കാലോചിതവും നിരുപാധികമായ പിന്തുണയോട് വളരെയധികം കടപ്പെട്ടിരിക്കുന്നു.

കുഞ്ഞുണ്ണി എഴുത്തശ്ശന്റെ മക്കളെ പറ്റി കൂടുതല്‍ വിവരങ്ങള്‍ അവരവരുടെ വ്യക്തിഗത പേജുകളില്‍ ലഭ്യമാണ്. ഇവിടെ ക്ലിക്ക് ചെയ്യുക.

ചാത്തംകുളങ്ങര കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒരു അഭ്യർത്ഥന

ചാത്തംകുളങ്ങര കുടുംബത്തിന്റെ ചരിത്രത്തെക്കുറിച്ച് ഈ വെബ്‌സൈറ്റില്‍ നൽകിയിട്ടുള്ള വിവരങ്ങള്‍ സന്ദിഗ്‌ദ്ധമാണ്‌. കൃത്യമായ വിവരങ്ങള്‍ ലഭ്യമാകാന്‍ കുറച്ചു സമയം എടുത്തേക്കാം. പൂർണ്ണമായി എഴുതി തയ്യാറാക്കിയ ചരിത്രം ഒന്നും ലഭ്യമല്ലാത്തതിനാല്‍ പൂര്‍വ്വീകരില്‍ നിന്നും മാതാപിതാക്കളില്‍ നിന്നും പറഞ്ഞു കേട്ട വിവരങ്ങളുമാണ് ഈ വെബ്‌സൈറ്റിന്റെ്യും ഫാമിലി ചാര്‍ട്ടിന്റെയും അടിസ്ഥാനം.ഈ ആദ്യ ചുവടുവെപ്പിനു ഇനി ആവശ്യം ചാത്തംകുളങ്ങര വേരുകളുടെ ഉറവിടം തെളിയിക്കുന്ന രേഖകളാണ്. ഞങ്ങളുടെ ഈ എളിയ ശ്രമം വിജയിപ്പിക്കാനായി, ചാത്തംകുളങ്ങര കുടുംബാംഗങ്ങളില്‍ ആർക്കെങ്കിലും ഇതിലേക്ക് ഉചിതമായ വിവരങ്ങള്‍ സംഭാവനയായി നൽകാൻ കഴിയുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

ഇതില്‍ കൊടുത്തിരിക്കുന്ന വിവരങ്ങളിലുള്ള വിടവുകള്‍ നികത്താനും പോരായ്മകള്‍ തിരുത്തുവാനും നിങ്ങൾക്കു കഴിയുമെന്ന് ഞങ്ങള്‍ കരുതുന്നു. ഈ വെബ്സൈറ്റിലേക്ക് ഉപയോഗപ്രദമായ വിവരങ്ങളും ചിത്രങ്ങളും നിങ്ങൾക്കു ഇവിടെ സമർപ്പിക്കാം.

കൂടതല്‍ വിവരങ്ങൾക്ക് Contact us എന്ന പേജ് സന്ദർശിക്കുകയോ ckbabu@chathamkulangara.com -ലേക്ക് മെയില്‍ അയക്കുകയോ ചെയ്യാം. അതിലൂടെ വരും തലമുറകൾക്കും ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുന്നവർക്കും ഒരുനല്ല റെഫെറെൻസ് ആക്കാന്‍ ഞങ്ങളെ നിങ്ങൾക്കു സഹായിക്കാനാകും.